01 - അദ്ധ്യായം - 05 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
01 - അദ്ധ്യായം - 05 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013, സെപ്റ്റംബർ 20, വെള്ളിയാഴ്‌ച

1.5 നാരദമുനി വേദവ്യാസന്‌ ശ്രീമദ് ഭാഗവതമെഴുതാന്‍ പ്രേരണ നല്‍‌കുന്നു.


ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധംഅദ്ധ്യായം 5

നാരദമുനി വേദവ്യാസന്‌ ശ്രീമദ് ഭാഗവതമെഴുതാന്‍ പ്രേരണ നല്‍‌കുന്നു.


സൂതന്‍ പറഞു: അപ്പോള്‍ ദേവര്‍ഷിയായ നാരദര്‍ യഥോചിതം ഉപവിഷ്ടനായതിനുശേഷം ബ്രാഹ്മണ ഋഷിയായ വ്യാസരെ അധിസംബോധന ചെയ്തുകൊണ്ട് ചോദിച്ചു.: അല്ലയോ പരാശരപുത്രാ, ശരീരത്തേയോ മനസ്സിനേയോ ആത്മസാക്ഷാത്കാരത്തിന്റെ ഉപാധിയായി അറിയുന്നതില്‍ അങ് സംതൃപ്തനാണോ? തെല്ലുപോലും സന്ദേഹം അങേയ്ക്കുണ്ടാകേണ്ടതില്ല. കാരണം വേദങളുടെ വിപുലീകരിച്ച വസ്തുതകള്‍ക്കൊപ്പമാണ്‌ അങ് മഹാഭാരതമാകുന്ന മഹാപുരാണം നിര്‍മ്മിച്ചത്. അങയുടെ അന്വേഷണം തികച്ചും പൂര്‍ണ്ണമാണ്. പരമാത്മതത്ത്വത്തെ കുറിച്ചും, അതിന്റെ അറിവിനെ കുറിച്ചും അങ് ഉള്ളവണ്ണം തന്നെ പ്രതിപാദനം ചെയ്തിരിക്കുന്നു. എന്നിട്ടും, നിര്‍വ്വഹിക്കപ്പെടാത്ത എന്തിനുവേന്ടിയാണ്‌ അങ് ഇങനെ പരിവേദനം ചെയ്യുന്നത്?.

വ്യാസര്‍ പറഞു: അവിടുന്ന് പറഞതെല്ലാം പരമാര്‍ത്ഥം തന്നെയാണ്‌ എന്നിരുന്നാലും ഞാന്‍ സന്തുഷ്ടനല്ല. എന്റെ ഈ ദുഃഖത്തിന്റെ അവ്യക്തമായ മൂല കാരണം അങ് എനിക്ക് പറഞുതന്നാലും. എല്ലാ രഹസ്യങളും അവിടുന്നറിയുന്നവനാണ്‌. കാരണം, അങ് സൃഷ്ടിസ്ഥിതിസംഹാരങളുടെ പരമകാരണനും, ത്രിഗുണാധീതനുമായ ആ ഭഗവാന്റെ പരമഭക്തനാണ്‌. അവിടുന്ന് സൂര്യനെപോലെ എങെങും സഞ്ചരിക്കുന്നു. അങ് വായുവിനെപോലെ സകല ഹൃദയങളിലും തുളച്ചുകയറാന്‍ കഴിവുള്ള അന്തര്യാമിയാണ്‌. കാര്യകാരണത്തെകുറിക്കുന്ന ആ അദ്ധ്യാത്മികവിദ്യയില്‍ മുങിയിട്ടും എന്റെയുള്ളില്‍ ഇപ്പോഴുമുള്ള ആ ന്യൂനത അങ് വ്യക്തമാക്കിയാലും.

അത് കേട്ട് നാരദമുനി പറഞു: താങ്കള്‍ ഇതുവരെ ഭഗവാന്‍ ഹരിയുടെ അമലമായ മഹിമയെകുറിച്ചൊന്നും തന്നെ പറഞിട്ടില്ല. അതില്‍ അവന്‍ സന്തുഷ്ടനല്ല. കാരണം, അവിടത്തെകുറിച്ച് പ്രതിപാദിക്കാത്ത ഈ ദര്‍ശനങളെല്ലാം തുച്ചമായതത്രേ!. ധര്‍മ്മാര്‍ത്ഥകാമമോക്ഷത്തെ കുറിച്ചും, അവയുടെ ഉദ്ദ്യേശലക്ഷ്‌യങളെകുറിച്ചും, അങ് വീണ്ടും, വീണ്ടും ഉദ്ഘോഷിച്ചു. അതുപോലെതന്നെ ഭഗവാന്‍ വാസുദേവന്റെ മഹിമയെ അനുവേലം വര്‍ണ്ണിക്കേണ്ടതുണ്ടു. പ്രപഞ്ചം മുഴുവന്‍ പവിത്രമാക്കുന്ന ആ ഭഗവാന്റെ മഹിമയെ കുറിച്ച് വര്‍ണ്ണിക്കാത്ത വാക്കുകളെല്ലാം തന്നെ പശുക്കളുടെ തീര്‍ത്ഥാടനകേന്ദ്രം പോലെയാണ്‌. അദ്ധ്യാത്മികലോകത്തില്‍ ജീവിക്കുന്ന സാധുജനങള്‍ അവയില്‍ ഒരാനന്ദവും കാണുന്നില്ല. അനന്തനായ ആ ഭഗവാനെ വര്‍ണ്ണിക്കുന്ന ഓരോ ശ്ളോകവും വ്യത്യസ്ഥമാണ്‌. ആ വാക്കുകള്‍ ഭക്തന്‍മാരില്‍ ഒരു വിപ്ളവം തന്നെ സൃഷ്ടിക്കുന്നു. അങനെയുള്ള അദ്ധ്യാത്മിക സാഹിത്യങള്‍ ഒരുപക്ഷേ അനിയതമാണെങ്കില്‍ പോലും, അവര്‍ അത് കേള്‍ക്കുകയും, പാടുകയും, സ്വീകരിക്കുകയും ചെയ്യുന്നു. ഭക്തിഭാവഹീനമായ അദ്ധ്യാത്മിക ജ്ഞാനം പോലും ശോഭനമല്ല. അങനെയിരിക്കെ, ഭഗവതര്‍പ്പണമല്ലാത്ത ഏതൊരു കര്‍മ്മത്തിനും പിന്നെ എന്തു പ്രസക്തിയാണുള്ളത്?

അല്ലയോ വ്യാസദേവാ!, അങ് പരമഭാഗ്യവാനും, ശുദ്ധനും, കീര്‍ത്തിമാനും, സത്യധര്‍മ്മങളില്‍ അധിഷ്ഠിതനുമാണ്‌. ലോകാനുഗ്രഹത്തിനുവേണ്ടി, അങ് ലോകാതീതനായ ഭഗവാനെ കുറിച്ച് പറയുക. ആ ഭഗവാനെ കുറിച്ചല്ലാതെ മറ്റെന്തു പറയാന്‍ അങ് ആഗ്രഹിച്ചാലും, അത് കാറ്റില്‍ അകപ്പെട്ട തോണി എന്നപോലെ, നാമരൂപങളില്‍ മഗ്നമായ ഈ മനസ്സിനെ ഇളക്കിമറിച്ചുകൊണ്ടിരിക്കുന്നു. സ്വാഭാവികമായും അര്‍ത്ഥകാമന്‍മാരായ സാധാരണ ജങളെ ധര്‍മ്മപരിപാലനാര്‍ത്ഥം അങ് പഠിപ്പിച്ച ഈ അനുശാസനങളെല്ലാം ജുഗുപ്സിതവും ഉല്ലംഘിതവുമാണ്‌. അത് താങ്കളാല്‍ പറയപ്പെട്ടതിനാല്‍  അതിനെ ഉപേക്ഷിച്ച് അവരാരും നിര്‍വാണപദത്തിനായി യ്ത്നിക്കുന്നില്ല. ലൌകികവിഷങളില്‍ നിന്നകന്നുനില്‍ക്കുന്ന വിരാഗികള്‍ക്കുമാത്രമേ അനന്തനായ ആ ഭഗവാന്റെ മഹിമയെ വര്‍ണ്ണിക്കാനാകൂ. അതുകൊണ്ട് അല്ലയോ വ്യാസരേ!, വിഷയങളില്‍ ബന്ധപ്പെട്ട അജ്ഞാനിജനങള്‍ക്ക് ഭഗവാന്റെ മഹിമയെ വര്‍ണ്ണിച്ച് അവര്‍ക്ക് മോക്ഷപദത്തെ കാട്ടികൊടുക്കുക.

എന്നാല്‍ ഭക്തിഹീനനായ ഒരുവന്‍ എത്രകണ്ട് സ്വധര്‍മ്മം ആചരിച്ചാലും അവന്‍ ഇഹത്തിലും പരത്തിലും യാതൊന്നും തന്നെ നേടുന്നില്ല. കോവിദന്‍മാര്‍ തൈലോക്യത്തിലും ലഭ്യമല്ലാത്ത പരമമായ ഗതിയ്ക്കുവേണ്ടിയാണ്‌ യത്നിക്കേണ്ടത്. കാരണം, ഭൌതികസുഖങളാകട്ടെ, ഭൌതികദുഃഖങളെന്നതുപോലെ കാലാകാലങളില്‍ വന്നുകൊണ്ടേയിരിക്കുന്നു.

പ്രീയമുള്ള വ്യാസരേ!, മുകുന്ദനെ പൂജിക്കുന്നവര്‍ ഒരിക്കലും വിഷങളില്‍ ആസക്തരാകുന്നില്ല. കാരണം, ഭഗവത് ഭക്തിരസം നുകര്‍ന്നിട്ടുള്ള ഒരു ഭഗവത് പ്രേമി ആ ഭക്തിയുടെ ആനന്ദം തന്നില്‍ നിന്ന് അന്യമാക്കാന്‍ ആഗ്രഹിക്കുന്നില്ല.

വ്യത്യസ്ഥനായി തോന്നുന്നുവെങ്കിലും ആ ഭഗവാന്‍ തന്നെയാണ്‌ ഈ വിശ്വം. ഇതിന്റെ ഉത്ഭവവും പ്രലയവും അവന്‍ തന്നെ നിയോഗിക്കുന്നു. അങ് ഇതെല്ലാം ഉള്ളവണ്ണം തന്നെ അറിയുന്നവനാണ്‌. ഞാന്‍ ആ പരമമായ സത്യത്തെ ഒന്ന് സംക്ഷേപിച്ചു പറഞുവെന്നുമാത്രം. ജഗദീശ്വരനായ ശ്രീകൃഷ്ണപരമാത്മാവിന്റെ ലീലക്കളെ കുറിച്ച് ആരും പറയാതെ തന്നെ അങ് അറിയുന്നു. കാരണം താങ്കള്‍ ജന്മരഹിതനാണെങ്കിലും ആ ഭഗവാന്റെ അംശാവതാരമായി ഈ ജഗത്തിന്റെ ക്ഷേമത്തിനുവേണ്ടി ഭൂവില്‍ പ്രത്യക്ഷനായിരിക്കുകയാണ്. അതുകൊണ്ട്, അവിടത്തെ അദ്ധ്യാത്മലീലകള്‍ അങ് വേണ്ടവിധം വര്‍ണ്ണിച്ചുപറയുക.  ബ്രഹ്മചര്യയും, വേദാധ്യായനവും, മന്ത്രോച്ചാരണങളും, യാഗവും, ധാനവുമൊക്കെ ആ ഉത്തമശ്ളോകന്റെ അദ്ധ്യാത്മിക ചേഷ്ടാവര്‍ണ്ണനങളില്‍ ജ്ഞാനികള്‍ നിരൂപിച്ചുറപ്പിച്ചിരിക്കുന്നു.

അല്ലയോ മുനേ!, കഴിഞ ജന്മത്തില്‍ ഞാന്‍ വേദവിത്തുക്കളായ കുറെ പണ്ഡിതഋഷികളെ സേവിച്ചു ജീവിച്ചിരുന്ന ഒരു വീട്ടുജോലിക്കാരിയുടെ മകനായിരുന്നു. അങനെ കുറെകാലം ഞാന്‍ ആ ഋഷികളെ സഹായിച്ച് ജീവിച്ചു. സര്‍വ്വഭൂതങളിലും സമചിത്തരായിരുന്ന ആ വേദാന്തികള്‍ എന്നില്‍ കഠാക്ഷിച്ചു. ഞനോ!, ആത്മസംയമനം ചെയ്തുകൊണ്ട്, കുട്ടിയായിരുന്നുവെങ്കിലും കളികളിലൊന്നും ഏര്‍പ്പെടാതെ, വികൃതികളൊന്നും കാട്ടാതെ, അല്പഭാഷിയായി അവരോടൊപ്പം കൂടി.

ഒരിക്കല്‍ മാത്രം ഞാന്‍ അനുവാദത്തോടെ ആ ഋഷികളുടെ ഉച്ചിഷ്ടം കഴിച്ചു. അതോടെ ഞാന്‍ സകലപാപങളില്‍ നിന്നു മുക്തനായി. അങനെ നിഷ്ടയോടുകൂടി കൊച്ചുകൊച്ചു സഹായങള്‍ ചെയ്ത എന്നില്‍ അവരുടെ കൃപാകടാക്ഷം പൊഴിഞു.

അല്ലയോ വ്യാസരേ!, അങനെ അവരോടൊപ്പം കൂടിയതും എനിക്ക് ഭഗവാന്‍ ശ്രീകൃഷ്ണന്റെ കഥകള്‍ കേള്‍ക്കാന്‍ അവസരങള്‍ ലഭിച്ചു. ദിവസങള്‍ കടന്നുപോകുംതോറും എന്നില്‍ ആ ഭഗവത് മഹിമാശ്രവണം ഭഗവാനിലേക്കുള്ള അഭിരുചിയുണ്ടാക്കി. ഭഗവാനില്‍ എന്റെ ആസക്തി കൂടി കൂടി വന്നതോടെ ഒരു സത്യത്തെ ഞാന്‍ മനസ്സിലാക്കി. എന്തെന്നാല്‍, മനുഷ്യജീവിതത്തിലെ സകല ഏറ്റക്കുറച്ചിലുകളുള്‍ക്കും കാരണം ആ ജഗദീശ്വരനോടുള്ള അജ്ഞാനം കലര്‍ന്ന സമീപനമാണ്‌.

ശരത്ക്കാലവും മഴക്കാലവും കഴിയുവോളം ആ ഋഷിവര്യന്‍മാരില്‍ നിന്നും ഞാന്‍ ഭഗവാന്റെ ശുദ്ധമായ മഹിമകള്‍ കേട്ടു. തുടര്‍ന്നെന്നിലുണ്ടായ ഭക്തിസ്രാവത്തില്‍ എന്നിലെ രജോഗുണങളുടേയും തമോഗുണങളുടേയും ആവരണം നീങി കിട്ടി. ആ ഋഷികളില്‍ ഭക്തിചെയ്തു എന്റെ കര്‍മ്മബന്ധങള്‍ ഒന്നൊഴിയാതെ ഇല്ലാതായി. മനസ്സും ശരീരവും അര്‍പ്പിച്ച് അവരെ അനുഗമിച്ചത് വഴി എനിക്ക് ഇന്ദ്രിയസംയമനം ചെയ്യാന്‍ സാധിച്ചു. ഒടുവില്‍, അജ്ഞാനികളില്‍ കാരുണ്യവാന്മാരായ ആ വേദാന്തികള്‍ പോകാനൊരുങവേ ഭഗവാന്‍ സ്വയമേവ പ്രഖ്യാപനം ചെയ്തിട്ടുള്ള ആ പരമാത്മരഹ്യസ്യത്തെ അവര്‍ എനിക്കുപദേശം ചെയ്തു.

ആ പരമ ജ്ഞാനത്തിലൂടെ സൃഷ്ടിസ്തിഥിസംഹാരകനായ ഭഗവാന്‍ ശ്രീകൃഷ്ണന്റെ മായാ ശക്തിവിശേഷത്തെ ഞാന്‍ മനസ്സിലാക്കി. ആ ജ്ഞാനം ഒരുവനെ തിരിച്ച് അവങ്കലേക്ക് തന്നെ എത്തിക്കുന്നു. അല്ലയോ ബ്രാഹ്മണനായ വ്യാസരേ!, ഒരുവന്റെ സകലകര്‍മ്മങളും ആ പരമാത്മപാദങളില്‍ സമര്‍പ്പിക്കുന്നതോടെ താപത്രയജന്യമായ സകല ദുഃഖങളില്‍ നിന്നും അവന്‍ വിമുക്തനാകുന്നുവെന്ന് ജ്ഞാനികള്‍ ഉദ്ഘോഷിക്കുന്നു. ഹേ! ധന്യാത്മാവേ!, യാതൊന്നിനാല്‍ ഉണ്ടായ ഒരു രോഗം അതിനാല്‍ തന്നെ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാറുണ്ടോ?. ഇവിടെ, ഒരുവന്റെ സകല കര്‍മ്മങളും ഭഗവാങ്കല്‍ സമര്‍പ്പിക്കപ്പെടുമ്പോള്‍ ആ സമര്‍പ്പിതകര്‍മ്മങളാല്‍ തന്നെ അവന്റെ താപത്രയങള്‍ ഇല്ലാതാകുന്നു. അല്ലാത്തപക്ഷം അതേ കര്‍മ്മങള്‍ തന്നെ അവനെ ബന്ധനസ്ഥനാക്കുന്നു.

ഭഗവതിഛയ്ക്കനുസരിച്ചുചെയ്യുന്ന യാതൊരു കര്‍മ്മാചരണത്തേയും ഭക്തിയോഗം എന്നുപറയുന്നു. ജ്ഞാനം ഇതിനനുബന്ധഘടകമായി നിലകൊള്ളുകയും ചെയ്യുന്നു. അതിനാല്‍ ഭഗവാന്‍ ശ്രീകൃഷ്ണന്റെ നാമത്തേയും, ആ നാരായണന്റെ മഹിമകളേയും അനുസ്മരിച്ചുകൊണ്ട് വേണം അവനില്‍ അര്‍പ്പിക്കപ്പെടുന്ന ഏതൊരു കര്‍മ്മവും ആചരിക്കാന്‍. ആ ഭഗവാന്റെ മഹിമകളേയും, അവന്റെ വിജൃംഭിതമൂര്‍ത്തികളായ വാസുദേവനേയും, പ്രദ്യും‌നനേയും, അനിരുദ്ധനേയും, സങ്കര്‍ഷണനേയും ഞാനിതാ വാഴ്ത്തുന്നു. ഇങനെ രൂപരഹിതനായ ആ വിഷ്ണുഭഗവാനെ "ഓം" എന്ന ശബ്ദബ്രഹ്മത്താല്‍ പൂജിക്കുന്നവനാണ്‌ യഥാര്‍ത്ഥ ജ്ഞാനി.

അല്ലയോ ബ്രാഹ്മണനായ വ്യാസദേവാ!, ആ ഭഗവാന്‍ ആദ്യം എനിക്ക് സര്‍‌വ്വവേദസാരമായ അദ്ധ്യാത്മികജ്ഞാനത്തെ ഉപദേശിച്ചുതന്നു. പിന്നീട്, അലൗകികമായ ഐശ്വര്യത്തേയും തുടര്‍ന്ന്, പരമമായ സ്നേഹവാത്സല്യത്തേയും വാരിക്കോരി തന്നു.

അതുകൊണ്ട്, അങയുടെ ഈ നീണ്ട വേദാധ്യയനത്തിലൂടെ അങ് ആര്‍ജ്ജിച്ച ആ ഭഗവാന്റെ സകല തത്വങളും പറയുക. എന്തെന്നാല്‍, ആ ജ്ഞാനം മുമുക്ഷുക്കളെ കൂടുതല്‍ സംതൃപ്തരാക്കുകയും, ജനിമൃതികളില്‍ പെട്ട് ദുഃഖിതരായ ജനകോടികള്‍ക്ക് അതിലൂടെ നിര്‍‌വ്വാണം ലഭിക്കുകയും ചെയ്യുന്നു. അതിനായി മറ്റൊരു വഴി ഇല്ലതന്നെ.

ഇങനെ, ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധത്തിലെ അഞ്ചാം അധ്യായം സമാപിച്ചു.

ഓം തത് സത്